കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Friday, November 30, 2012

മണ്ണാപ്പേടി

Category : Article                                                                                    Subject : Mannappedi Author  :  Radhakrishnan kollemcode


തെക്കന്‍ തിരുവിതാംകൂറിന്റെ ചരിത്രം താല്പര്യത്തോടെ വായിച്ചു തുടങ്ങിയപ്പോഴാണ് മണ്ണാപ്പേടി  എന്ന പദം മനസ്സിലേക്ക് കടന്നു വരുന്നത്. ചെറുപ്പകാലത്ത് പറഞ്ഞു കേട്ടിട്ടുള്ള ; പിന്നീട് വെറും തമാശയായി തോന്നിയ ഈ പദം, ഒരുകാലത്ത് സമൂഹത്തില്‍ എന്ത് മാത്രം പ്രത്യാഗാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നു മനസ്സിലാക്കുന്നത്‌ വളരെ വൈകിയാണ്.



ജാതീയത കുടികുത്തി വാണിരുന്ന തിരുവിതകൂരിന്റെ മണ്ണില്‍ അവര്‍ണ്ണ വിഭാഗത്തിന്  പരോക്ഷമായെങ്കിലും അനുകൂലമായിരുന്ന ഈ അനാചാരം എങ്ങനെ നിലവില്‍ വന്നുവെന്നത് മനസ്സിലാകുന്നില്ല.ഒരു പക്ഷെ പുരുഷ മേധാവിത്വത്തിന്റെ  ഗര്വ്വില്‍ നിന്നുണ്ടായ ഒരു നീചമായ ആചാര രീതിയയിരിക്കാം ഇത്. തെക്കന്‍ തിരുവിതാംകൂറിലെ നായര്‍ സമുദായത്തില്‍ പെട്ട സ്ത്രീകളെ മണ്ണാര്‍ വിഭാഗത്തില്‍ പെട്ട പുരുഷന്മാര്‍ മോഷ്ടിച്ചു കൊണ്ട് പോകാറുണ്ടായിരുന്നുവത്രേ. ഇത് ആ സമുദായങ്ങള്‍ക്ക് അവകാശമായി അനുവദിക്കപ്പെട്ടിരുന്നു.ഇതിനൊരു അറുതി വരുത്തുവാന്‍ വേണ്ടി ഉണ്ടായതാണ് മണ്ണാപ്പേടി . ഈ പ്രവര്‍ത്തിക്കു ഈ സമുദായങ്ങള്‍ക്ക് ഒരു പ്രത്യേക മാസം അനുവദിച്ചു നല്കിയിരുന്നുവത്രേ. കര്‍ക്കിടക മാസമാണ് ഇതിനായി അനുവദിച്ചു നല്‍കിയിരുന്നത് എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്; പല അഭിപ്രയങ്ങളുമുണ്ട്. ഈ മാസത്തില്‍ രാത്രി കാലങ്ങളില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്ന നായര്‍ സ്ത്രീയെ മണ്ണാര്‍ വിഭഗത്തില്‍ പെട്ട പുരുഷന്മാര്‍ കണ്ടു കഴിഞ്ഞാല്‍ 'കണ്ടേ, കണ്ടേ ' എന്ന് ഉദ്ഘോഷിക്കുകയും ,ആ പുരുഷന്റെ കൂടെ ആ സ്ത്രീ നിര്‍ബന്ധമായും പോകണം എന്നുമുള്ള കാടത്ത നിയമമായിരുന്നുവത്രേ മണ്ണാപ്പേടി .ജാതിഭ്രഷ്ട് നിലനിന്നിരുന്ന ആ കാലഘട്ടത്തില്‍ ഇത്തരത്തില്‍ പോകേണ്ടി വരുന്ന സ്ത്രീകളെ ഭ്രഷ്ട് കല്പ്പിക്കുകയായിരിക്കും പതിവ്. തന്മൂലം ഒരു തലമുറയുടെ അവസാനം ഉണ്ടാക്കാന്‍ പോലെ അന്നത്തെ ജാതി വ്യവസ്ഥകള്‍ കാരണം അന്ന് സാധിച്ചിരുന്നു. എട്ടുവീട്ടില്‍ പിള്ളമാരെ വധിച്ചതിനു ശേഷം മാര്‍ത്താണ്ഡവര്‍മ്മ അവരുടെ ഭാര്യമാരെ മുക്കുവര്‍ക്ക് വിവാഹം ചെയ്തു കൊടുത്തതും ഇക്കാരണം കൊണ്ട് തന്നെയാണ്.

വേണാട്ടധിപനായിരുന്ന ഉണ്ണികേരളവര്‍മ്മയാണ് ഈ അനാചാരം  കൊല്ലവര്‍ഷം 871 മകരമാസം 25-ാം തീയതി, ഇരണിയല്‍ കൊട്ടാരത്തില്‍ വച്ച് പ്രത്യേക കല്പന മൂലം  നിര്‍ത്തലാക്കിയത്. ഇത് വേണാട്ടരചന്റെ കല്ലില്‍കൊത്തിയ കല്പന എന്നാ പേരില്‍ പ്രസിദ്ധമാണ്. ഈ കാരണം കൊണ്ട് അദ്ദേഹത്തിന് തന്റെ ജീവന്‍ തന്നെ നഷ്ടമായെന്നും അഭിപ്രായമുണ്ട്.തെക്കന്‍ തിരുവിതാംകൂറില്‍ മണ്ണാപ്പേടി  എന്നത് പോലെ വടക്കന്‍ കേരളത്തില്‍ പുലപ്പേടി ,പറപ്പേടി എന്നീ പേരുകളില്‍ ഈ അനാചാരം നിലനിന്നിരുന്നു. കന്യാകുമാരി ജില്ലയിലെ തിരുവിതാംകോട് എന്ന സ്ഥലത്ത് പേടിയെ പരാമര്‍ശിച്ചു കൊണ്ടുള്ള ഒരു ശിലാസ്ഥാപനം ഇപ്പോഴുമുണ്ട്.

നമ്മുടെ നാട്ടിലെ ജാതി വ്യവസ്ഥ എത്ര മാത്രം അപകടകരവും സംസ്കര ശൂന്യവുമായിരുന്നുവെന്നത് ഈ അനാചാരത്തെ കുറിച്ച് പഠിച്ചാല്‍ മാത്രം മതി നമുക്ക് മനസ്സിലാകും. തെക്കന്‍ തിരുവിതാംകൂറിന്റെ പല ഭാഗങ്ങളിലും ഇന്നും ജാതി ചിന്ത വളരെ അപകടകരമായി നിലനില്‍ക്കുന്നുവന്നത് നമ്മെ ലജ്ജിപ്പിക്കുന്ന വിഷയമാണ്‌. വസ്ത്രധരണത്തിന് വേണ്ടി തുടങ്ങിയ ചാന്നാര്‍ ലഹള പോലും സമൂഹത്തില്‍ പില്‍ക്കാലത്ത് ഉണ്ടാക്കിയ വിദ്വേഷങ്ങളും ,വര്‍ഗീയതയും നമുക്ക് മുന്നിലുള്ള ഒരു നല്ല പാഠമാണ്. ആചാരങ്ങളെ അനാചാരങ്ങളില്‍ നിന്നും വേര്‍തിരിച്ചു കാണാനുള്ള വിവേകം നമ്മള്‍ അര്‍ജ്ജിക്കേണ്ട ആവശ്യകതയാണ് മണ്ണാപ്പേടി പോലുള്ള ദുരാചാരങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്.

- രാധാകൃഷ്ണന്‍ കൊല്ലങ്കോട്‌ .

No comments:

Post a Comment