കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Tuesday, September 18, 2018

ഉലകുടെയ പെരുമാൾ തമ്പുരാൻ

തിരുവനന്തപുരം കന്യാകുമാരി ജില്ലകളിൽ ഇന്നും കണ്ടുവരുന്ന ആരാധാനലയങ്ങളാണ് തമ്പുരാൻ ക്ഷേത്രങ്ങൾ. തെക്കൻ തിരുവിതാംകൂറിലെ വീരാരാധന കൊണ്ടുണ്ടായ ചരിത്ര സ്മാരകങ്ങൾ കൂടിയാണ് ഇവയെല്ലാം. ഒരു കാലത്ത് ജീവിച്ചിരുന്ന വീരന്മാരായ ചില രാജാക്കന്മാരേയും ധീരയോദ്ധാക്കളേയും അമാനുഷിക സിദ്ധിയുണ്ടായിരുന്നെന്ന് കരുതുന്നവരേയുമൊക്കെ ജനങ്ങൾ ഭക്തിപൂർവ്വം ആരാധിച്ചു വന്നിരുന്നു. അരൾവായ്മൊഴി അതിർത്തിക്കപ്പുറം തിരുനെൽവേലി മധുര ജില്ലകളിൽ ജീവിച്ചിരുന്ന രാജാക്കന്മാരുടെ സ്മാരകങ്ങൾ പോലും വേണാടിന്റെ മണ്ണിൽ കാണാം.

ചിത്രത്തിൽ കാണുന്നത് ക‌ന്യാകുമാരി ജില്ലയിലെ വിളവങ്കോട് താലൂക്കിൽ തൂത്തൂർ  പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൂത്തുറ ഉലകുടെയ പെരുമാൾ തമ്പുരാൻ ക്ഷേത്രമാണ്. കടലോരത്തു നിന്നും വെറു 100 മീ അകലെയായിട്ടാണ് ക്ഷേത്രം നിലകൊള്ളുന്നത്. ഈ അടുത്ത കാലത്തായി ക്ഷേത്രം നവീകരിച്ചിരിക്കുന്നു. തദ്ദേശീയമായി ഈ ക്ഷേത്രത്തിന്റെ ചരിത്രം അന്വേഷിച്ചെങ്കിലും ലഭിച്ചില്ല( ലഭിക്കുകയാണെങ്കിൽ അത് കൂട്ടിച്ചേർക്കാം).

പ്രസദ്ധീകരിക്കപ്പെട്ട ഉലകുടെയ പെരുമാൾ തമ്പുരാൻ ചരിത്രം:

 മധുരയ്ക്കടുത്ത് വൈഗക്കര ഭരിച്ചിരുന്ന രാജവംശത്തിലായിരുന്നു ഉലകുടെയ പെരുമാളിന്റെ ജനനം. വൈഗക്കര ഭരിച്ചിരുന്ന സഹോദരന്മാരായ അഞ്ചു രാജാക്കന്മാരും മധുര രാജാവുമായിട്ടുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. അവരുടെ ഏക സഹോദരി പൊന്നരുവിയെ പന്ത്രണ്ടാം വയസ്സിൽ പൊന്നും പെരുമാളിന് വിവാഹം ചെയ്തു കൊടുത്തു. ദീർഘകാലം സന്താന‌സൗഭാഗ്യമില്ലാതിരുന്ന ഇവർക്ക് പ്രാർത്ഥനകളുടെ ഫലമായി ലഭിച്ച പുത്രനാണ് ഉലകുടെയ പെരുമാൾ.അഞ്ചാം വയസ്സുമുതൽ വിദ്യാഭ്യാസം ആരംഭിച്ച ഉലകുടെയ പെരുമാൾ അക്ഷര വിദ്യക്കു‌ശേഷം ഉടവാൾ പരിശീലനവും നേടി. ഇതിനായി തുളുനാട്ടിൽ നിന്നുള്ള ഒരു പണിക്കരെയാണ് നിയമിച്ചത്. തുടർന്ന് കുതിര സവാരി അഭ്യസിക്കാനായി കപ്പിത്താൻ എന്നയാൾ ഭരിച്ചിരുന്ന ആയിക്കര രാജ്യത്ത് നിന്ന് അഞ്ഞൂറായിരം കുതിരകളെ കൊണ്ടു വരാൻ തീരുമാനിച്ചു. കടൽമാർഗ്ഗമാണ് കുതിരകളെ കൊണ്ടു വന്നത്. ഇതിനായി മലമുകളിൽ നിന്നും മരങ്ങൾ കൊണ്ടുവന്ന് കുതിരകളെ നിർത്താനും ആയുധങ്ങൾ ശേഖരിക്കാനും പറ്റുന്ന തരത്തിലുള്ള കൂറ്റൻ ഓടങ്ങൾ വൈഗക്കരയിലെ തച്ചന്മാർ നിർമ്മിച്ചു. ഏഴു ദിവസം കഴിഞ്ഞ് ഓടങ്ങൾ പറങ്കികളുടെ കോട്ട കൂടിയായ ആയിക്കരയിലെത്തി. കുതിരകളും ആയുധങ്ങളും വ്യഞ്ജനങ്ങളുമായി കപ്പിത്താന്റെ സഹായത്തോടെ ഓടങ്ങൾ വൈഗക്കരയിലേയ്ക്ക് പുറപ്പെട്ടു. നാലാം ദിവസം മാർഗ്ഗമദ്ധ്യേ കുട്ട്യാലി മരയ്ക്കന്റെ സൈന്യം ഓടങ്ങളെ തടഞ്ഞു. തുടർന്ന് മധുര രാജാവിന്റെ സഹായത്തോടെ മരയ്ക്കാർ സൈന്യം യുദ്ധം ആരംഭിച്ചു. എന്നാൽ കപ്പിത്താന്റെ നേതൃത്വത്തിലുള്ള പറങ്കിപ്പടയ്ക്കു മുന്നിൽ പിടിച്ചു നിൽക്കാൻ മരയ്ക്കാർ സൈന്യത്തിനായില്ല. വിവരമടിഞ്ഞ ഉലകുടെയ പെരുമാൾ സൈന്യത്തെ അയച്ചു . മരയ്ക്കാന്മാരും വീണ്ടും യുദ്ധത്തിനൊരുങ്ങി. ആ യുദ്ധത്തിൽ കുട്ട്യാലി മരയ്ക്കാർ കൊല്ലപ്പെട്ടു. പിന്നീട് മധുര രാജാവയച്ച 'കാട്ടാളർ' പടയേയും പരാജയപ്പെടുത്തി. കുതിരകളുമായി എത്തിയ പറങ്കിപ്പട ഉലകുടെയ പെരുമാളിനെ വന്ദിച്ച് മടങ്ങി.
അശ്വാരോഹണ വിദ്യയിലും സാമർത്ഥ്യം നേടിയ ഉലകുടെയ പെരുമാളിന് പതിനാറു വയസ്സിനു മുൻപെ തന്നെ കിരീടധാരണവും നടന്നു. തെക്കൻ കാഞ്ചിയിലെ രാജാവായ പാണ്ടിപ്പെരുമാളുടെ മക്കളായ ഏഴുകന്യകമാരെ ഉലകുടെയ പെരുമാൾ വിവാഹം ചെയ്തു.
തന്റെ ജന്മോദ്ദ്യേശത്തെ കുറിച്ച് ബോധവാനായിരുന്ന ഉലകുടെ പെരുമാൾ മധുര രാജാവിനെതിരായ യുദ്ധത്തിനുള്ള സന്നാഹങ്ങളൊരുക്കി. കുലദേവതയായ വൈഗ ഭഗവതിയെ നിഷ്ടയോടെ ഭജിച്ച് ദിവ്യമായ ഒരു ആയുധം കൈക്കലാക്കി.ദേവി ദാ ചെയ്ത വാൾ കിട്ടിയതോടെ ഉലകുടെയ പെരുമാൾ ശത്രു സംഹാരത്തിനുള്ള ആക്കം കൂട്ടി. അമ്മയും പത്നിമാരും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ ശ്രമങ്ങളൊക്കെ വിഫലമായി.കുതിര, ആന , കാലാൾപ്പടകളുമായി യുദ്ധത്തിനായി മധുരയിലേയ്ക്ക് പുറപ്പെട്ടു. ചാരന്മാർ മുഖേന വിവരമറിഞ്ഞ മധുര രാജാവ് യുദ്ധത്തിന് സന്നദ്ധമാകാൻ സൈന്യത്തിന് കല്പന നൽകുകയും സുഹൃത്തുക്കളായ അയൽ രാജാക്കന്മാരോട് സഹായമഹ്യർത്ഥിക്കുകയും ചെയ്തു. തിരുച്ചിറപ്പള്ളിയിലെ കരുതലസിംഹ വിക്രമൻ, അല്ലിത്തുറയിലെ വീരവാനോതൈപെരുമാൾ, മാമുണ്ടി മന്നൻ, ചിറുപെരുമാൾ തുടങ്ങിയവർ സൈന്യ സമേതം അദ്ദേഹത്തെ സഹായിക്കാനെത്തി. തുടർന്ന് നടന്ന യുദ്ധത്തിൽ ഉലകുടെയ പെരുമാൾ ചെറുമധുര പിടിച്ചടക്കി.മധുരാ വാസികളെല്ലാം അന്യനാടുകളിലേയ്ക്ക് പാലായനം ചെയ്തു. രാജാവും മഷുരാപുരി ഉപേക്ഷിച്ച് മാനാമധുരയിലേയ്ക്ക് പോയി. കുറച്ചു ദിവസത്തിനു ശേഷം മധുര രാജാവ് വീണ്ടും യുദ്ധത്തിനെത്തി. ഉലകുടെയ പെരുമാളുമായി നേരിട്ട് യുദ്ധം ചെയ്ത മധുര രാജാവ് തോറ്റു. മാനാമധുരയിലേയ്ക്ക് ഓടിയ അദ്ദേഹത്തെ ഉലകുടെയ പെരുമാൾ പിന്തുടർന്നു. മധുര രാജാവ് വേഗത്തിൽ മലമുകളിലേയ്ക്ക് കയറി ഒളിച്ചു. പിന്നീട് ഉലകുടെയ പെരുമാൾ മധുരയുടെ ഭരണാധിപനായി, കുറച്ചു കാലം രാജ്യം ഭരിച്ചു. തോറ്റോടിയ മധുരാധിപതി വെറുതെയിരുന്നില്ല. മലവാസികളേയും സംഘടിപ്പിച്ച് വീണ്ടും യുദ്ധത്തിനെത്തി. തുടർന്ന് ശക്തമായ യുദ്ധം നടന്നു. പിന്നീട് നടന്ന ഘോരയുദ്ധത്തിൽ വിജയം മധുര രാജാവിനായിരുന്നു. തന്റെ സൈന്യം പരാജയപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ ഉലകുടെയ പെരുമാൾ ശത്രുവിന്റെ മരിക്കുന്നത് അപമാനകരമെന്ന് കരുതി സ്വയം ജീവത്യാഗം ചെയ്തു. അത് കണ്ട അദ്ദേഹത്തിന്റെ അനുജന്മാരും ആത്മാഹുതി ചെയ്തു. ഉലകുടെയ പെരുമാളിന്റെ ധീരതയിൽ മതിപ്പു തോന്നിയ മധുര രാജാവ് രാജകീയമായി തന്നെ ഉലകുടെയ പെരുമാളിന്റേയും അനുജന്മാരുടേയും മൃതദേഹങ്ങൾ സംസ്കരിച്ചു. പതിനേഴു വർഷം പ്രജാക്ഷേമ തല്പരനായി രാജ്യം ഭരിച്ച ഉലകുടെയ പെരുമാളിന്റെ മഹത്ത്വം നാടെങ്ങും പ്രകീർത്തിക്കപ്പെട്ടു. അദ്ദേഹം ജനങ്ങളുടെ ആരാധനാ മൂർത്തിയായി തീർന്നു. ഉലകുടെയ പെരുമാളിന്റെ നിരവധി ക്ഷേത്രങ്ങൾ/ സ്മാരകങ്ങൾ നാടെങ്ങും ഉണ്ടായി. ഉലകുടെയ പെരുമാളിന്റെ സ്വർഗ്ഗപ്രാപ്തിക്കു  രാജകുടുംബം അന്യം നിന്നു പോയി. ആ നാട്ടിലെ‌പ്രജകളിൽ നല്ലൊരു വിഭാഗം വേണാട്ടിലേയ്ക്ക് കുടിയേറിയതായും ചില ചരിത്ര സൂചനകളുണ്ട്.

ഉലകുടെയ പെരുമാളും മരയ്ക്കാർ സൈന്യവുമായി നടന്ന യുദ്ധവും അനുബന്ധ സംഭവങ്ങളുമൊക്കെ ഒരു പക്ഷേ പൂത്തുറ പോലൊരു കടലോരത്ത് അദ്ദേഹത്തിന് ഒരു ക്ഷേത്രമുണ്ടായതുമായി ബന്ധമുണ്ടാവാം. ഇത് കൂടാതെയും ഉലകുടെയ പെരുമാളിന്റെ പെരിലുള്ള ധാരാളം തമ്പുരാൻ ക്ഷേത്രങ്ങൾ കന്യാകുമാരി, തിരുവനന്തപുരം ജില്ലകളിൽ കാണാം. കന്യാകുമാരി ജില്ലയിലെ നാഗർകോവിൽ പെരിയതമ്പുരാൻ ആലയം, വെള്ളമോടി ഉലകുടെയതമ്പുരാൻ കോവിൽ, ചരൽ പെരുമാൾസ്വാമി കോവിൽ എന്നിവയും തിരുവനന്തപുരം ജില്ലയിലെ മുടൻ മുഗൾ, ജഗദി, കുളത്തൂർ (ആറ്റിപ്ര), ചൂഴറ്റുകോട്ട, കിളിമാനൂർ, മുള്ളറം കോട് എന്നിവിടങ്ങളിലെ തമ്പുരാക്ഷേത്രങ്ങൾ എന്നിങ്ങനെ ധാരാളം ക്ഷേത്രങ്ങളുണ്ട്. പല തമ്പുരാൻ ക്ഷേത്രങ്ങളും ചരിത്രത്തിൽ നിന്നും അകന്നുമാറിക്കൊണ്ടിരിക്കുന്നുവെന്നതാണ് ദുഃഖിപ്പിക്കുന്ന ഒരു യാഥാർത്ഥ്യം.

കടപ്പാട് : 'ഉലകുടെപെരുമാൾ പാട്ടുകഥ' എന്ന പുസ്തകത്തിന്റെ രചയിതാവായ ഡോ. തിക്കുറിശ്ശി ഗംഗാധരൻ സാറിനും, പൂത്തുറ തമ്പുരാൻ ക്ഷേത്രത്തിനെ കുറിച്ച് അന്വേഷിച്ചറിയുവാൻ സഹായിച്ച പ്രീയ സുഹൃത്ത് കൊല്ലങ്കോട് അരുൺ കുമാറിനും നന്ദി.

Related stories :
 പെണ്ണരശുനാടും പുരുഷാദേവിയും http://Bitl.Cc/0usiQ1

No comments:

Post a Comment