കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Wednesday, November 19, 2014

വിപ്ലവം

 അന്നു മാറു മറയ്ക്കുവാനായിട്ടു വിപ്ലവം
ഇന്നു മാറു മറയ്ക്കാത്ത മാദക വിപ്ലവം
അരവയര്‍ കഞ്ഞിക്കു കേഴുന്ന തെരുവുകളെ
ചുംബിച്ചുണര്‍ത്തുന്ന നവയുഗ വിപ്ലവം
പട്ടിണി മാറ്റുവാനിവിടില്ല വിപ്ലവം
കെട്ടിപ്പിടിക്കുന്നതാണത്രെ വിപ്ലവം
കാപ്പിക്കടയിലെ മന്മഥലീലകള്‍
വ്യക്തി സ്വാതന്ത്ര്യമായ് മാറ്റുന്ന വിപ്ലവം
വാര്‍ത്തകള്‍ വില്ക്കുന്ന മാദ്ധ്യമ വിപ്ലവം
തമ്മിലടിക്കുന്ന രാഷ്ട്രീയ വിപ്ലവം
പ്രശസ്തി തേടുന്നൊരാഭാസ വിപ്ലവം
വ്യഭിചാരക്കഥകള്‍തന്‍ സൌരോര്‍ജ്ജ വിപ്ലവം
കോഴപ്പണത്തിന്റെ കോടിക്കഥകളെ
ലഹരിയില്‍ മുക്കിയ ചാരായ വിപ്ലവം.
രാജധാനിക്കാളെയയക്കുവാന്‍
ജാതി തിരിച്ചതില്‍ കൈക്കൂലി വിപ്ലവം
അമ്പലം വിഴുങ്ങികള്‍ കോടതി കയറുന്ന
വമ്പന്‍ പുരോഗമന സാമൂഹ്യ വിപ്ലവം
കൊടിനോക്കി ഊരുവിലക്കുന്ന വിപ്ലവം
പോരാഞ്ഞു ജീവന്‍ കവരുന്ന വിപ്ലവം
അഴിമതിക്കനുകൂല ജനകീയ(?) വിപ്ലവം
തോക്കുകള്‍ കഥ പറയുമാത്മീയ വിപ്ലവം.
വിപ്ലവം കൊണ്ടു വളര്‍ന്നൊരു മണ്ണിനെ
വിപ്ലവം പിന്നോട്ടടിക്കുന്ന കാഴ്ചയോ?
വികലമാം മനസ്സിന്റെ വൈകൃത ഭാവങ്ങള്‍
മറനീക്കിയാര്‍ത്തലച്ചീടുന്ന 'വിപ്ലവം'.
ഇനി വരും പുലരികളിലുയരട്ടെയിവിടെയീ
തിന്മകള്‍ക്കെതിരായ നേരുള്ള  വിപ്ലവം .

Thursday, October 16, 2014

നാഞ്ചിനാട്ടിലെ യക്ഷിക്കഥകള്‍ - മേലാങ്കോട്

തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന നാഞ്ചിനാട് ഇന്ന് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്. പ്രകൃതിരമണീയമായ ഈ നാടിന്റെ കഥകള്‍ തെക്കന്‍ കേരളത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ  വിളിച്ചോതുന്നവയാണ്. മലയാളമല്ല എന്ന് മലയാളികളും നല്ല തമിഴല്ല എന്ന് തമിഴരും കൈയ്യൊഴിയുന്ന തെക്കന്‍ പാട്ടുകളിലാണ് ഈ കഥകള്‍ പലതും ഒളിഞ്ഞിരിക്കുന്നത്. മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യരും പിലക്കാലത്ത് ശ്രീ.തിക്കുറിശ്ശി ഗംഗാധരനുമൊക്കെ ഈ കഥകള്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ പ്രമുഖരാണ്.നാഞ്ചിനാട്ടിലെ ഒരു യക്ഷിക്കഥയിലേക്ക് കടക്കാം.
നാഞ്ചിനാട്ടിലെ യക്ഷിക്കഥകള്‍ - മേലാങ്കോട്

കന്യാകുമാരി ജില്ലയിലെ പ്രശസ്തമായ വേളിമല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം മേലാങ്കോട് എന്നൊരു സ്ഥലമുണ്ട്. 'ശിവാലയ ഓട്ടത്തിലെ' എട്ടാമത്തെ ശിവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.അതിനോടൊപ്പം തന്നെ രണ്ടു പ്രശസ്തമായ യക്ഷി അമ്പലങ്ങളുംഉണ്ട്. ഇവ ചേട്ടത്തി അമ്പലം,അനിയത്തി അമ്പലം എന്നീ പേരുകളില്‍ അറിയപ്പെടുന്നു. ശിവ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ള അമ്പലത്തില്‍സതിയായ വടുവിച്ചിയമ്മയുടെയും അവരുടെ ആരാധ്യനായ കുലശേഖരത്തമ്പുരാന്റെയും, സതി ചെമ്പകവല്ലിയുടെയും വിഗ്രഹങ്ങള്‍ പ്രതിഷ്ടിച്ചിട്ടുണ്ട്.

കുലശേഖരത്തമ്പുരാനും സതി വടുവിച്ചിയമ്മയും :

കന്നടിയ രാജാവിന്റെ പുത്രിയായ വടുവിച്ചി വള്ളിയൂര്‍ ഭരിച്ചിരുന്ന കുലശേഖരപണ്ട്യനില്‍ അരുരക്തയായി. വിവരം മനസ്സിലാക്കിയ കന്നടിയ രാജാവ്‌ വള്ളിയൂരിലേക്ക് ദൂതനെ അയച്ച് കുലശേഖര പാണ്ട്യനെ വിവരം ധരിപ്പിച്ചു. എന്നാല്‍ അദ്ദേഹം അത് നിരസിക്കുകയും കന്നടിയനെ ആക്ഷേപിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രശസ്തമായ കന്നടിയന്‍ യുദ്ധങ്ങള്‍ നടക്കുന്നു. ആദ്യ രണ്ടു യുദ്ധങ്ങളിലും കുലശേഖര പാണ്ട്യന്‍ വിജയിച്ചു. മൂന്നാമത്തെ യുദ്ധത്തില്‍ കന്നടിയന്‍ കുലശേഖര പാണ്ട്യനെ പരാജയപ്പെടുത്തുകയും തടവുകാരനാക്കി പല്ലക്കിലേറ്റി തന്റെ പാളയത്തിലേക്ക് കൊണ്ട് പോരുകയും ചെയ്തു. എന്നാല്‍ അപമാനിതനായ കുലശേഖര പാണ്ട്യന്‍ പല്ലക്കില്‍ വച്ച് തന്നെ ആത്മഹത്യ ചെയ്തു. തീരാദുഃഖത്തിലായ കന്നടിയന്റെ മകള്‍ കുലശേഖര പാണ്ട്യനോടൊപ്പം ജീവത്യാഗം ചെയ്യുമെന്ന് പ്രസ്താവിച്ചു.തുടര്‍ന്ന് കുലശേഖര പാണ്ട്യന്‍റെ മൃതദേഹവുമായി വടുവകച്ചിയുടെ വിവാഹ കര്‍മ്മം നടത്തി. തുടര്‍ന്ന് വടുവകച്ചി സതി അനുഷ്ടിക്കുകയും ചെയ്തു. കുലശേഖര പാണ്ട്യനും തന്റെ മകള്‍ക്കും വേണ്ടി സ്മാരകങ്ങള്‍ നിര്‍മ്മിച്ച ശേഷം കന്നടിയന്‍ നാടിലേക്ക് തിരിച്ചു പോയി.

സതി ചെമ്പകവല്ലി :

അനന്തന്‍കുട്ടി എന്നാ ബ്രാഹ്മണ യുവാവ് തനിക്കു അനുരൂപയായ വധുവിനെ അന്വേഷിച്ചു നടക്കുകയും ഒടുവില്‍ വള്ളിയൂര്‍ ദേശത്ത് ശംഖപുരിഎന്നാ ഗ്രാമത്തില്‍ സുന്ദരിയായ ചെമ്പകവല്ലി എന്നൊരു പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു.ചെമ്പകവല്ലിയെ വിവാഹം ചെയ്ത അനന്തന്‍കുട്ടി ജൌളി വ്യപരവുമായി അവിടെ തന്നെ വസിച്ചു.എന്നാല്‍ മുകിലപ്പടയുടെ ആക്രമണം കാരണം തുടര്‍ന്ന് കല്‍ക്കുളം നീലകണ്‌ഠസ്വാമി ക്ഷേത്രത്തിനടുത്തേക്ക് താമസം മാറ്റി.ഒരിക്കല്‍ അനന്തന്‍കുട്ടിയും കൂട്ടരും വടക്കന്‍ നാടുകളില്‍ വ്യാപാരം നടത്താന്‍ പോയി തിരിച്ചു വരവേ അദ്ദേഹം ദുരൂഹമായി കൊല ചെയ്യപ്പെട്ടു.സഹയാത്രികരില്‍ നിന്നും വിവരം മനസ്സിലാകിയ ചെമ്പകവല്ലി സതി അനുഷ്ടിക്കുമെന്നു ബന്ധുക്കളെ അറിയിച്ച ശേഷം മഹാരാജാവിനെ മുഖം കാണിക്കാന്‍ ചെന്നു. അവളുടെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കിയ രാജാവ്‌ അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും ചെമ്പകവല്ലി അതിനു തയ്യാറായില്ല.അവളുടെ ഉറച്ച തീരുമാനം ഒടുവില്‍ രാജാവിന്‌ അംഗീകരിക്കേണ്ടി വന്നു. ഉദയഗിരിക്കോട്ടക്കകത്ത് അരയാലിന്‍ മൂട്ടില്‍ അഗ്നികുണ്ഡം ഉണ്ടാക്കുകയും ചെമ്പകവല്ലി സതി അനുഷ്ടിക്കുകയും ചെയ്തു.ആരാധ്യയായിതീര്‍ന്ന ചെമ്പകവല്ലിയെ സതീ ദേവതയായി പൂജിച്ചു വരുന്നു.

(ആധാരം : വേണാടിന്റെ കഥാഗാനങ്ങള്‍ - തിക്കുറിശ്ശി ഗംഗാധരന്‍ )

-രാധാകൃഷ്ണന്‍ കൊല്ലങ്കോട്‌.