കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Friday, July 13, 2018

അമാവാസിക്കു ശേഷം....

തിങ്കൾക്കല മാഞ്ഞുള്ളിലമാവാസി-
ച്ചിന്തകൾ ചിത്രം വരയ്ക്കുന്ന വേളയിൽ

ഇരവിന്റെ തീക്ഷ്ണമാം കൂരിരുൾക്കൂട്ടിലീ-
ശിഥിലമോഹങ്ങൾക്കടയിരിക്കേ...

രാഗാദ്രയായെന്റെ കർണ്ണപുടങ്ങളെ
കോരിത്തരിപ്പിച്ച നിൻ കണ്ഠമിടറുന്നു

പ്രണയമർമ്മരക്കവിത മായുന്നു....നിൻ
തപ്തനിശ്വാസങ്ങളറിയുന്നു ഞാൻ...

നിന്നാത്മ നൊമ്പരക്കൂരമ്പു കൊണ്ടെന്റെ
ഹൃദയം നുറുങ്ങുകയാണെങ്കിലും സഖീ

നിന്നശ്രു ബിന്ദുക്കളൊപ്പി മാറ്റീടുവാ-
നശക്തനാണു ഞാനോമലാളേ

അഴലിന്റെയാഴക്കയങ്ങളിലറിയാതെ-
യുഴലുകയാണു നിൻ വഴിചേർന്നു ഞാനും

സ്വപ്ന വൃക്ഷത്തിന്റെ നിബിഡ ശിഖരങ്ങളിൽ
രക്തരക്ഷസ്സുകളട്ടഹസിക്കുന്നു

ചിത്തത്തിലേറ്റ വൃണപ്പാടുകൾ രൗദ്ര
ചിത്രക്കളങ്ങളായ് മിന്നിമാഞ്ഞീടുന്നു

നഷ്ടബോധത്തിൻ നെരിപ്പോടിൽ നിന്നെത്രയോ
തത്വശാസ്ത്രങ്ങൾ ജനിക്കുന്നു ഭൂമിയിൽ

സ്പഷ്ട ചിന്തകൾ പുച്ഛമായ് തോന്നീടാം
സ്വപ്ന പാന്ഥാവിലുല്ലസിച്ചീടവേ

സ്ഥായിയല്ലീ ചേതോവികാരങ്ങൾ
സ്വായത്തമാക്കിയ സർവ്വസ്വവും തഥാ

ഇതിഹാസത്താളുകൾ മറിച്ചു നോക്കീടുക
മുൾ വഴിയിലൂടെത്ര ചരിത്ര പ്രയാണങ്ങൾ

ത്യാഗികൾ ജീവരക്തം കൊണ്ടെഴുതിയ
കർമ്മകാണ്ഡത്തിലെയനശ്വര ഗാഥകൾ

അവതാരബിംബങ്ങൾ പോലുമവനിയിൽ
അതിജീവിച്ചെത്രയോ അഗ്നിപരീക്ഷകൾ...

ജീവിതപ്പാലാഴി കടഞ്ഞെടുത്തീടേണ-
മാത്മഹർഷത്തിന്റെയമൃത കുംഭങ്ങൾ നാം

തെറ്റും ശരിയും പകുത്തെടുത്തീടാത്ത
ചിന്തകളിലെൻ ജീവതാളം തുടിക്കുന്നു.

എന്റെ മോദമാണെന്നിലെ ചിന്തകൾ
എന്റെ വീഥിയിൽ ജ്വലിക്കുന്ന നാളങ്ങൾ

ജന്മജന്മാന്തര സുകൃതമെന്നോർത്തെന്റെ-
കർമ്മവീഥികൾ കീഴടക്കുന്നു ഞാൻ...