കന്യാകുമാരി ജില്ലയിലെ മലയാളികളുടെ സ്ഥാപങ്ങളുടെയും മറ്റും പരസ്യം ഈ ബ്ലോഗില്‍ സൌജന്യമായി പ്രദര്‍ശിപ്പിക്കാന്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് ഒരു മെയില്‍ ചെയ്യുക.
കന്യാകുമാരി ജില്ലയിലെ മലയാളികളില്‍ നിരവധി പേര്‍ ഇപ്പോഴും മലയാളത്തില്‍ എഴുതാന്‍ കഴിവുള്ളവരാണ്. നമുക്ക് ചുറ്റുമുളള കന്യാകുമാരി ജില്ലയിലെ മലയാളി എഴുത്തുകാരുടെ സാഹിത്യ സൃഷ്ടികള്‍ നമുക്ക്‌ ഇവിടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം. കന്യാകുമാരി ജില്ലയില്‍ മലയാള ഭാഷയുടെ വളര്‍ച്ചയ്ക്ക്‌ നമ്മുടെതായ രീതിയില്‍ എന്തെങ്കിലും ചെയ്യാന്‍ സാധി ച്ചാല്‍ അതൊരു വലിയ കാര്യമായിരിക്കും. എല്ലാ സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.....അതുപോലെ തന്നെ തമിഴ്‌ ഭാഷയിലെ രചനകളും ഇവിടെ സ്വാഗതാര്‍ഹമാണ് .
നിങ്ങളുടെ കൃതികള്‍ ഇവിടെ പ്രസധീകരിക്കാന്‍ താല്പര്യമുണ്ടെങ്കില്‍ r.krishnan.email@gmail.com എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

Saturday, November 23, 2019

രാത്രിമഴ

തോരാതെ പെയ്യുമീ രാത്രിമഴയുടെ
തീരാത്ത കണ്ണീർ പ്രവാഹത്തിലൂടെന്റെ
ഹൃദയത്തുടിപ്പുകൾ ശ്രുതിമീട്ടിപ്പാടുന്ന
ജീവരാഗത്തിലലിഞ്ഞുചേരട്ടെ ഞാൻ
പ്രണയമായെന്നിൽ നീ പെയ്തിറങ്ങുമ്പോഴും
നേർത്ത തേങ്ങലിൽ കാലൊച്ച കേൾക്കുന്നുവോ സഖി?
രാവിൻ നിഗൂഢതയിലാത്മ ദുഃഖങ്ങളെ
മൂടിവച്ചെന്നിൽ നീ കുളിരു കോരുന്നുവോ?
ഭാവനകളിലിന്നു നീ നിറക്കൂട്ടു ചാർത്തിയെൻ-
കാമനകളെയാർദ്രമായ് തഴുകിയുണർത്തവേ
എന്റെ ചാപല്യം കനലെരിയുന്ന നിൻ
ഹൃദയതാപത്തെ തമസ്കരിക്കുന്നുവോ?
കാകളി ശീലുകളിലലിഞ്ഞു ചേരാത്തൊ-
രാടിമേഘത്തിന്റെയാത്മസംഘർഷമായ്
ജീവഗോളത്തിനെക്കാർന്നു തിന്നുന്നോർക്കൊ-
രോർമ്മപ്പെടുത്തലായ് നീ പെയ്തിറങ്ങീടവേ..
നിന്റെ നോവിൻ പൊരുളറിയാതെ, നിൻ-
ഭാവഭേദങ്ങൾ കണ്ടറിയാതെ ഞാൻ
സ്വപ്നങ്ങൾ പൂക്കുമാ കുന്നിൻചെരുവിലെ
ഷഡ്പദമാകാൻ കൊതിച്ചുപോയി
മേഘനാദം കേട്ടുണരാതെ സ്വാർത്ഥനായ്
മൂഢലോകത്തിൽ രമിക്കുകയാണു ഞാൻ
മൗനരാഗത്തിൽ ഞാൻ ലയിച്ചു ചേരുമ്പോഴും
നീ പെയ്യുന്നു വാഗ്മിയാം പേമാരിയായ്...
പിന്നെയെൻ മൗനത്തിൽ പരിതപിച്ചിട്ടു നീ
കോരിച്ചൊരിയുന്നുഗ്രമാം പ്രളയമായ്..
ഒടുവിൽത്തളർന്നെൻ ഹൃദയാന്തരത്തിലൊ-
രഴകുറ്റ ചാറ്റലായ് നീ മയങ്ങി..
തൊട്ടുണർത്തീടുമാ മുഗ്ദസംഗീതമെൻ
വ്യർത്ഥ സങ്കല്പങ്ങൾ കെടുത്തിടട്ടെ.

Sunday, February 24, 2019

കാളിയൂട്ട് ഐതിഹ്യം:

തെക്കൻ തിരുവിതാംകൂറിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ (മുടിപ്പുരകളിൽ) നടന്നു വരുന്ന ഒരു അനുഷ്ഠാനകലയാണ് കാളിയൂട്ട്. സമീപമുള്ള മുടിപ്പുരകളിൽ‌ പതിവായി നടന്നു വരുന്നുണ്ടെങ്കിലും കൊല്ലങ്കോട് മുടിപ്പുരയിൽ കഴിഞ്ഞ 24 വർഷങ്ങളായി കാളിയൂട്ട് നടന്നിട്ടില്ല.അതിനാൽ തന്നെ പലർക്കും ഇതിനു പിന്നിലുള്ള ഐതിഹ്യം അഞ്ജാതമാണ്. ദേവിയുടെ ദാരിക നിഗ്രഹവുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന്റെ പുനരാവിഷ്കരണമാണ് ഭക്തിപൂർവ്വം നടത്തിവരുന്ന കാളിയൂട്ട് എന്ന അനുഷ്ഠാനം. ദാരിക നിഗ്രഹവുമായി ബന്ധപ്പെട്ട നിരവധി അനുഷ്ഠാനകലകൾ കലകൾ കേരളത്തിൽ നടന്നു വരുന്നുണ്ട്. മദ്ധ്യകേരളത്തിൽ അനുഷ്ഠിച്ചു വരുന്ന പടയണി, ഭദ്രകാളിത്തീയാട്ട് എന്നിവയും കാളിയൂട്ടിന് സമാനമായ അനുഷ്ഠാനകലകളാണ്. ദേവിയും ദാരികനുമായി ആകാശത്തും ഭൂമിയിലും നടന്ന യുദ്ധങ്ങളെ യഥാക്രമം പറണിൽ പോരും നിലത്തിൽ പോരുമായി പ്രതീകാത്മകമായി അനുഷ്ഠിക്കുന്നു. തെക്കൻ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളെ 'മുടിപ്പുരകൾ' എന്നും പൂജാരിമാരെ 'വാത്തിമാർ' എന്നുമാണ് പറയുന്നത്. വാത്തിമാരുടെ മുഖ്യ കാർമ്മികത്വത്തിലാണ് കാളിയൂട്ട് നടത്തുന്നത്. ഓരോ മുടിപ്പുരകളിലും വ്യത്യസ്ത ആചാരങ്ങളാണ് കാളിയൂട്ടുമായി ബന്ധപ്പെട്ട് അനുഷ്ഠിക്കുന്നതെങ്കിലും പ്രധാന ചടങ്ങുകൾ ഒന്നു തന്നെയാണ്.

ഭദ്രോത്പത്തിയും ദാരികനിഗ്രഹവും:
ദേവാസുരയുദ്ധത്തിൽ അസുരഗണങ്ങൾ ഭൂരിപക്ഷവും കൊല്ലപ്പെട്ടു. അവശേഷിച്ചവർ പാതാള ലോകത്ത് അഭയം പ്രാപിച്ചു.അവരിൽ ദാനവതി ദാരുമതി എന്നീ അസുരസ്ത്രീകൾ പഞ്ചാഗ്നി മദ്ധ്യത്തിൽ ബ്രഹ്മാവിനെ തപസ്സു ചെയ്ത് പ്രസാദിപ്പിച്ച് അസുരകുലത്തെ ഭരിക്കാൻ ശക്തരായ പുത്രന്മാർ പിറക്കണമെന്ന വരം നേടി. അങ്ങനെ ദാനവതിയുടെ പുത്രനായി ദാനവേന്ദ്രനും ദാരുമതിയുടെ പുത്രനായി ദാരികനും ജനിച്ചു. ആയുധാഭ്യാസങ്ങളിൽ പ്രാവീണ്യം നേടി വളർന്ന അവരിൽ ദേവന്മാരോടുള്ള ശത്രുതയും വളർന്നു വന്നു.
മാതാവിന്റെ നിർദ്ദേശപ്രകാരം ദാരികൻ ഗോകർണ്ണ ദേശത്ത് ചെന്ന് അമരത്വം നേടാനായി ബ്രഹ്മാവിനെ പ്രസാദിപ്പിക്കാൻ കഠിന തപസ്സ് ആരംഭിച്ചു. അതിഘോരമായമായ തപസ്സിലും ബ്രഹ്മദേവൻ പ്രസാദിക്കത്തതിനെ തുടർന്ന് ദാരികൻ തന്റെ ശിരസ്സ് അരിഞ്ഞ് ഹോമിക്കാനൊരുങ്ങി. ഒടുവിൽ ബ്രഹ്മാവ് പ്രത്യക്ഷനായി. ദേവദാനവ മാനുഷ്യഗന്ധർവ്വകിന്നരാദികൾക്കും ത്രിമൂർത്തികൾക്കും തന്നെ വധിക്കുവാനാവരുതെന്നും, മായവിദ്യാകളും ശത്രുസംഹാരത്തിനായി ബ്രഹ്മദണ്ഡും തനിക്ക് പ്രാപ്തമാകണമെന്നും, പതിനായിരം ആനകൾക്ക് തുല്യമായ ശക്തി തനിക്കുണ്ടാകണമെന്നും, തന്റെ ഇറ്റുവീഴുന്ന ഓരോ തുള്ളി ചോരയിൽ നിന്നും ഒരായിരം പേർ ഉടലെടുക്കണമെന്നും അവരൊക്കെ തന്റെ ദാസന്മാരായിത്തീരണമെന്നുമുള്ള വരങ്ങൾ ദാരികൻ ബ്രഹ്മാവിനോട് ആവശ്യപ്പെട്ടു. വരപ്രാപ്തനായ ദാരികൻ ദാനവേന്ദ്രനുമായിച്ചേർന്ന് പലടത്തായി ചിതറിക്കിടന്ന ദാനവരെ സംഘടിപ്പിച്ച് ദേവേന്ദ്രനെ യുദ്ധത്തിന് വെല്ലുവിളിച്ചു.ബ്രഹ്മദണ്ഡുമായി ഇന്ദ്രനെ നേരിട്ട ദാരികൻ ദേവസൈന്യത്തെ ഛിന്നഭിന്നമാക്കി. ദേവേന്ദ്രനും മറ്റു ദേവന്മാരും സുരലോകം ഉപേക്ഷിച്ച് ഓടിയിളിച്ചു.ദേവസമ്പത്ത ദേവസ്ത്രീകളേയും കല്പകവൃക്ഷം മുതലായ വസ്തുക്കളേയും സ്വന്തമാക്കിയ ദാരികൻ പതിന്നാലു ലോകവും അടക്കിവാണു. സന്യാസിമാരെ ദ്രോഹിച്ചു. യാഗഭൂമികൾ മലിനമാക്കി. സ്ത്രീകൾ വഴിനടക്കാൻ പോലും ഭയപ്പെട്ടു. പശുക്കളെ തൊഴുത്തടക്കം തീയിട്ടു. കിണറുകളും തണൽമരങ്ങളും പോലും നശിപ്പിച്ചുകൊണ്ട് ദാരുകസേന തേർവാഴ്ച നടത്തി. മായാസുരന്റെ പുത്രിയായ മനോദരിയെ ദാരികൻ വിവാഹംചെയ്തു. ദേവസ്ത്രീകളെ അവരുടെ ദാസിമാരായി നിയമിച്ചു.
ദാരികന്റെ ഉപദ്രവം കൊണ്ട് പൊറുതിമുട്ടിയ ദേവന്മാർ ബ്രഹ്മാവും മഹാവിഷ്ണുവുമൊന്നിച്ച് ശിവസന്നിധിയിലെത്തി. ത്രിമൂർത്തികൾ ചേർന്ന് ദാരികന്റെ ശല്യം അവസാനിപ്പിക്കാനുള്ള ഉപായം ചർച്ച ചെയ്തു. ശക്തയായ സ്ത്രീയിൽ നിന്നു മാത്രമേ ദാരികന് അന്ത്യം സംഭവിക്കുകയുള്ളൂവെന്ന് ബ്രഹ്മാവ് അറിയിച്ചു. തുടർന്ന് ത്രിമൂർത്തികളും ദേവന്മാരും തങ്ങളുടെ ശക്തി‌സ്വരൂപങ്ങളായ‌സ്ത്രീകളെ‌ സൃഷ്ടിച്ചു.
ബ്രഹ്മാവിൽ നിന്ന് ബ്രാഹ്മിയും മഹേശ്വരനിൽ‌ നിന്ന് മഹേശ്വരിയും വിഷ്ണുവിൽ നിന്ന് വൈഷ്ണവിയും ഇന്ദ്രനിൽ നിന്ന് ഇന്ദ്രാണിയും ശ്രീകുമാരനിൽ നിന്ന് കുമാരിയും യമധർമ്മനിൽ നിന്ന്‌ വരാഹിയും ഭൂജതരായി. ഈ ഷഡ്മാതാക്കളെ യോജിച്ച വാഹനങ്ങളും ആയുധങ്ങളും നൽകി സൈന്യസമേതം യുദ്ധസന്നദ്ധരാക്കി പറഞ്ഞയച്ചു.( ഷഡ്മാതാക്കളെ സംബന്ധിച്ച വ്യത്യസ്ത ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്)  ഘോരമായ യുദ്ധത്തിൽ ഷഡ്മാതാക്കൾ ദൈത്യസേനയെ ഛിന്നഭിന്നമാക്കി. ദാനവേന്ദ്രനെ മഹേശ്വരി ത്രിശൂലം കൊണ്ട് വധിച്ചു. ജ്യേഷ്ഠന്റെ മരണവാർത്തയറിഞ്ഞ ദാരികൻ ക്രൂദ്ധനായി യുദ്ധത്തിന് പുറപ്പെട്ടു. എന്നാൽ ഷഡ്മാതാക്കൾക്കു മുന്നിൽ ദാരികന് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ ദാരികൻ ബ്രഹ്മദണ്ഡ് പ്രയോഗിച്ചെങ്കിലും സ്ത്രീകൾക്ക് നേരെ അത് നിഷ്പ്രഭമായി തിരിച്ചെത്തി. മഹേശ്വരിയുടെ ത്രിശൂലം കൊണ്ട് ദാരികന് മുറിവേറ്റു. എന്നാൽ ആ രക്തത്തിൽ നിന്ന് നിരവധി രാക്ഷസരൂപങ്ങൾ ഉണ്ടായി പടക്കളം നിറഞ്ഞു. ദാരികനെ വധിക്കാനാവാതെ ഷഡ്മാതാക്കാൾക്ക് മടങ്ങേണ്ടി വന്നു. വിജയശ്രീലാളിതനായ ദാരികൻ കൂടുതൽ ശക്തനായി അധർമ്മ പ്രവർത്തികളിലേർപ്പെട്ടു. ഒരിക്കൽ നാരദ മഹർഷി ദാരികനെ സന്ദർശിച്ചു. വിശേഷങ്ങൾ പറയുന്ന കൂട്ടത്തിൽ നാരദൻ ത്രിമൂർത്തികളെ സ്തുതിച്ചത് ദാരികന് ഇഷ്ടമായില്ല.ദാരികൻ നാരദനെ വധിക്കാനൊരുങ്ങി. പലായനം ചെയ്ത നാരദൻ കൈലാസത്തിലെത്തി മഹാദേവനെക്കണ്ട് സങ്കടമുണർത്തിച്ചു. ക്രൂദ്ധനായ മഹാദേവൻ ഇരിപ്പിടത്തിൽ നിന്നും ചാടിയെണീറ്റ് ആയുധങ്ങളുമായി ആർത്തട്ടഹസിച്ച് സംഹാരരുദ്രനായി മാറി. ആകാശം മുട്ടെ ഉയർന്ന മഹാദേവന്റെ സംഹാരാഗ്നിയിൽ നിന്ന്  അതിഘോരമായ ശൗര്യത്തോടെ അലറിക്കുതിച്ചുകൊണ്ട് ശ്രീ ഭദ്രകാളി അവതരിച്ചു. ആഞ്ജനേയ ശൈലം പോലെ ഉയർന്നു നിന്ന ഭീരക രൂപിണിയുടെ പാദസ്പർശമേറ്റ കൈലാസ പർവ്വതമൊട്ടാകെ കുലുങ്ങി. ആകാശം മുട്ടെ നിൽക്കുന്ന ഘോരരൂപിണിയായ ദേവിയുടെ രൂപം കണ്ട് വന്യ മൃഗങ്ങൾ പേടിച്ചിരണ്ടു. ദിക്ഗജങ്ങൾ ചിന്നം വിളിച്ചു. പാർവ്വതിദേവിയുടെ ആഗ്രഹപ്രകാരം ദേവി ഘോരരൂപം വെടിഞ്ഞ് ശ്രീയെഴുന്ന രൂപം കൈക്കൊണ്ടു. തന്റെ കഴുത്തിലെ കാളകൂടത്തിനു തുല്യം കാളിമയാർന്ന ദേവിക്ക് മഹാദേവൻ 'കാളി' എന്ന പേരു നൽകി. ദേവിയുടെ അവതാരോദ്ദ്യേശം ദാരിക നിഗ്രഹമാണെന്ന് അറിയിച്ച മഹാദേവൻ ദേവിക്ക് അയുധങ്ങളും വാഹനമായി വേതാളിയേയും നൽകി. ഷഡ്മാതാക്കൾ ദേവിയെ വന്ന് വണങ്ങി. തുടർന്ന് സപ്തൃ മാതാക്കൾ ഒന്ന് ചേർന്ന് ദാരിക നിഗ്രഹത്തിനായി പുറപ്പെട്ടു. പിന്നീട് നടന്ന ഘോരയുദ്ധത്തിൽ ദാരികന്റെ പടയെ ഭദ്രകാളി നിഷ്പ്രഭമാക്കി. തന്റെ മന്ത്രിമാരുടെ മരണവാർത്തയറിഞ്ഞ ദാരികൻ നേരിട്ട് യുദ്ധത്തിനെത്തി. തുടർന്ന് ഘോരയുദ്ധം നടന്നു. ദാരികന് ബ്രഹ്മദേവൻ നൽകിയ മോക്ഷപ്രദായകമായ മന്ത്രങ്ങൾ ദാരിക പത്നിയായ മനോദരിയിൽ നിന്ന് ദുർഗ്ഗാദേവി സ്വായത്തമാക്കി. അതോടെ ദാരികന്റെ  ബ്രഹ്മദണ്ഡ് കാളിയുടെ നേർക്ക് പ്രയോഗിച്ചിട്ട് ഒരു ഫലവുമുണ്ടാക്കാതെയായി. ഇരുപത്തി രണ്ട് രാപ്പകലുകൾ പോർവിളികളോടെ ഘോരയുദ്ധം തുടർന്നു. രണഭൂമിയിൽ  രക്തം വീഴുന്നതിനു മുൻപേ മുഴുവൻ കാളിയുടെ വാഹനമായ വേതാളി കുടിച്ചു തീർത്തു. പിടിച്ചു നിൽക്കാനാവാതെ ദാരികൻ പാതാളത്തിലേയ്ക്ക് പാലായനം ചെയ്തു. ദേവി ദാരികനെ പിന്തുടർന്നു. ഒടുവിൽ പാതാളഗർത്തത്തിൽ നിന്നും ഭൂമിയിലെത്തിയ ദാരികന്റെ നെഞ്ചിലേയ്ക്ക് ഭദ്രകാളിയുടെ ത്രിശൂലം ആഴ്ന്നിറങ്ങി. ചീറ്റിത്തെറിക്കുന്ന രക്തം വട്ടകയിലെടുത്ത് പാനം ചെയ്തു.കുടൽമാല പറിച്ചെടുത്ത് മാല ചാർത്തി. വാൾത്തലപ്പു കൊണ്ട് ദാരികന്റെ തലയറുത്ത് കൈകളിലേന്തി സംഹാര നൃത്തമാടി. ദാരികന്റെ ശരീരം വേതാളിക്ക് ഭക്ഷണമായി. ദാരിക നിഗ്രഹം കഴിഞ്ഞും ക്രോധമടങ്ങാത്ത ഭദ്രകാളിയെ കണ്ട് ഭയന്ന് ഇന്ദ്രാദിദേവകൾ പോലും ഓടിയൊളിച്ചു. വർദ്ധിത വീര്യത്തൊടെ വേതാള ശിരസ്സിലേറി ഭൂതഗണ അകമ്പടിയോടെ അമ്മ കൈലാസത്തിലേയ്ക്ക് പുറപ്പെട്ടു. ഭദ്രയുടെ കോപം എത്രയൊക്കെ ശ്രമിച്ചിട്ടും ശമിക്കാത്തതിനാൽ മഹേശ്വര നിർദ്ദേശപ്രകാരം ഉണ്ണിഗണപതിയും നന്ദികേശ്വരനും ശിശുക്കളുടെ രൂപത്തിൽ ഗോപുരദ്വാരത്തിൽ കിടക്കുകയും, ശിവപാർഷദന്മാരും മറ്റ് താപസശ്രേഷ്ഠരും ദേവിയെ പ്രസാധിപ്പിക്കാൻ സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു. പിഞ്ചുകുഞ്ഞുങ്ങളുടെ പുഞ്ചിരിയിൽ മതിമറന്ന ദേവി ശാന്തരൂപിണിയായിത്തീർന്നു. ദേവന്മാരും മുനിമാരും ദേവിയെ വാഴ്ത്തി സ്തുതിച്ചു. പരമശിവന്റെ അനുഗ്രഹാശിസ്സുകളോടെ ഭദ്രകാളി സപ്തൃ മാതാക്കളോടൊപ്പം മാലോകർക്ക് തുണയായിരിക്കാൻ ഭൂമിയിലേയ്ക്ക് പുറപ്പെട്ടു. 

ഭക്തവത്സലയായ ദേവിയുടെ ദാരിക നിഗ്രഹത്തിന്റെ ഐതിഹ്യം പുനരവതരിപ്പിക്കുകയാണ് കാളിയൂട്ട് പോലെയുള്ള അനുഷ്ഠാനകലകളിലൂടെ ചെയ്യുന്നത്.  ദാരിക നിഗ്രഹത്തിനു സേഷം ഭദ്രകാളി ദേവിയുടെ കോപം ശിശുക്കളോടുള്ള ദേവിയുടെ വാത്സല്യം കാരണം ശമിച്ചതിനാലാവകാം മുടിപ്പുരകളിൽ പിള്ളത്തൂക്കത്തിന് പ്രചാരമുണ്ടായത്.  കന്യാകുമാരി ജില്ലയിലുൾപ്പെട്ട കൊല്ലങ്കോട് മുടിപ്പുരയിലാണ് ഏറ്റവും പ്രസിദ്ധമായ  തൂക്ക നേർച്ച് മഹോത്സവം നടക്കുന്നത്. രണ്ടായിരത്തോളം കുഞ്ഞുങ്ങൾക്ക് വർഷം തോറും ഇവിടെ തൂക്കനേർച്ച നടത്തി വരുന്നു. മീനഭരണി നാളിലാണ് കൊല്ലങ്കോട് തൂക്കം നടക്കുന്നത്. 24 വർഷങ്ങൾക്ക് ശേഷം ഇത്തവണ കൊല്ലങ്കോട്ടിൽ കാളിയൂട്ട് മഹോത്സവവും നടക്കുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 2019 മാർച്ച് 7 ന് കൊടിയേറുന്ന കാളിയൂട്ട് മഹോത്സവം മാർച്ച് 18 ന് നിലത്തിൽ പോരോടുകൂടി സമാപിക്കും. ഏപ്രിൽ 8 നാണ് മീനഭരണി തൂക്ക മഹോത്സവം.
              -രാധാകൃഷ്ണൻ കൊല്ലങ്കോട്.

കുറിപ്പ്: ശ്രീ ഹരീഷ് ആർ നമ്പൂതിരിപ്പാട്‌ രചിച്ച  ശ്രീ ഭദ്രകാളീ ചരിതം എന്ന് പുസ്തകമാണ് ഈ ലേഖനത്തിന് ആധാരം.